തിരുവനന്തപുരം: ജസ്ന തിരോധാനക്കേസില്‍ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദങ്ങള്‍ തള്ളി സിബിഐ. ജെസ്ന ഗര്‍ഭിണിയായിരുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പിതാവിന്റെ മൊഴിയില്‍ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്. കോടതി 29 ന് വിധി പറയും.
ജസ്ന തിരോധാനക്കേസില്‍ മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കരുതെന്നും തുടരണമെന്നുമാണ് ജസ്നയുടെ കുടുംബം തടസഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതി നേരത്തെ പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇതിനെതിരെ ജസ്നയുടെ കുടുംബം തടസഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മജിസ്ട്രേറ്റ് അവധിയായതിനാലാണ് കേസ് മാറ്റിയത്.