തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വോട്ടെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം കൊഴുപ്പിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. നിരവധി ദേശീയ നേതാക്കളാണ് വോട്ടഭ്യര്‍ത്ഥിക്കാന്‍ രംഗത്തിറങ്ങിയത്. സംസ്ഥാനത്തെ അവസാന വട്ട പ്രചാരണത്തിന്റെ ഓട്ടത്തിലാണ് നേതാക്കള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മൂന്ന് ദിവസം മാത്രം അവശേഷിക്കവേ പറ്റാവുന്ന രീതിയിലെല്ലാം വോട്ട് പെട്ടിയിലാക്കാന്‍ അഭ്യര്‍ത്ഥനയുമായി ഓടുകയാണ് സ്ഥാനാര്‍ത്ഥികള്‍.
സംസ്ഥാനത്ത് തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാവും. എല്ലാ മണ്ഡലവും പിടിച്ചെടുക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും, കേരള ജനതയെ വിശ്വസിച്ച് എല്‍ഡിഎഫും മത്സര പോരിനിരങ്ങുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷയും ഒട്ടും പിന്നിലല്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രചരണ പരിപാടികളില്‍ സജ്ജീവ സാന്നിധ്യമാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുന്നണികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ അവകാശ വാദങ്ങള്‍ക്ക് കുറവില്ല. കേരളത്തിലെ പ്രചാരണങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ദേശീയനേതാക്കളുടെ വന്‍ താരനിരയാണ് കളത്തിലിറങ്ങിയത്. 20 മണ്ഡലങ്ങളിലും അങ്ങോളമിങ്ങോളം ദേശീയനേതാക്കള്‍ ഉള്‍പ്പെടുന്ന റോഡ്ഷോകളാണ് നടക്കുന്നത്. പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പരമാവധി വോട്ടര്‍മാരെ കണ്ട് ഓടി നടക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.