തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക സ്വീകരിച്ചെന്നു പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് പോംവഴിയെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ വി.ജി.അരുണ്‍, എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സല്‍, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയില്‍ നല്‍കിയതെന്നാണ് പറയുന്നത്. ചട്ടവിരുദ്ധമായാണ് പത്രിക സമര്‍പ്പിച്ചതെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം.