കൊച്ചി: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപ പരമാര്‍ശം നടത്തിയ കേസില്‍ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു. നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സത്യഭാമ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ സത്യഭാമ അധിക്ഷേപിച്ചത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും കാണുന്നത് അരോചകമാണെന്നുമായിരുന്നു സത്യഭാമ പറഞ്ഞിരുന്നത്. ഏറെ വിവാദം സൃഷ്ടിച്ച പരാമര്‍ശം പിന്‍വലിക്കാതെ സത്യഭാമ വീണ്ടും വീണ്ടും അത് തന്നെ പറയുകയായിരുന്നു. പിന്നീട് ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.