Newsperseconds.com

കല്‍പ്പറ്റയില്‍ നിന്ന് വീണ്ടും ഭക്ഷ്യകിറ്റുകള്‍ കണ്ടെത്തി; ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് കിട്ടിയത് 167 പാക്കുകള്‍

Capture

കല്‍പ്പറ്റ: പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റയില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രന്റെ പ്രതികരണം. ഒരു ഭക്തന്‍ ക്ഷേത്രത്തിന് നല്‍കിയ വഴിപാടാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്ക് കിറ്റ് നല്‍കിയതാണെന്ന് പ്രചരിപ്പിച്ചത്. ബിജെപിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും കല്‍പ്പറ്റയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇന്നലെ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി.

Share this Article

Leave a Comment