ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. ആര്‍എസ്എസ് സ്ഥാപകനായ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഇന്ദിരാഗാന്ധിയുടെ പേരിട്ടിരിക്കുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. രാജ്യത്തിന് വേണ്ടി ഒരു സേവനവും ചെയ്യാത്ത ഇന്ദിരാഗാന്ധിയുടെ പേര് മാറ്റി ഇന്ത്യയുടെ വളര്‍ച്ചക്കും വികസനത്തിനും ശക്തി പകര്‍ന്ന ഹെഡ്ഗേവാറിന്റെ പേരില്‍ ഇനി എയര്‍പോര്‍ട്ട് അറിയപ്പെടണമെന്നാണ് ഡോ. രാജീവ്‌മേനോന്‍ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
ബിജെപി ഭരണത്തിലേറി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പേര് മാറ്റത്തെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. അടുത്ത് വരുന്ന സര്‍ക്കാരിന്റെ കാലയളവില്‍ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന്റെ പേര് മാറ്റണമെന്നും സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ഹെഡ്ഗേവാറിന്റെ പേര് ഈ രാജ്യത്തെ ജനങ്ങള്‍ കാത്ത് സൂക്ഷിക്കണമെന്നും ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് ഹെഡ്ഗേവാറിന്റെ പേരില്‍ അറിയപ്പെടേണ്ടതാണെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി. കൂടാതെ, ഹെഡ്ഗേവാറിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് എന്ന പാര്‍ട്ടി വളര്‍ന്നതും ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിച്ചതും കേന്ദ്രഭരണം വന്‍ പിന്തുണയോട് കൂടി സാധ്യമായതും. അങ്ങനെയൊരു മഹത് വ്യക്തിയുടെ പേരില്‍ ഇന്ത്യയുടെ തലസ്ഥാനനഗരിയിലുള്ള എയര്‍പോര്‍ട്ട് മാറ്റണമെന്നും ആ പേര് എന്നും ഓര്‍ത്തിരിക്കേണ്ടതാണെന്നും ഡോ.രാജീവ്മേനോന്‍ അഭിപ്രായപ്പെട്ടു.