കണ്ണൂര്‍: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമായാണ് നടക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്തുകാര്യത്തിനാണ് ഞാന്‍ അവരുമായി സംസാരിക്കുന്നത്?,ഞാന്‍ ബിജെപിയില്‍ ചേരാനോ?ആരെങ്കിലും പോയി ബിജെപിയില്‍ ചേരുമോ? പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്. ബുദ്ധിയുള്ള ആരെങ്കിലും പോയി ബിജെപിയില്‍ ചേരുമോ?’- ഇപി മാധ്യമങ്ങളോട് ചോദിച്ചു. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍.
‘ഞാന്‍ ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഞാന്‍ ഏകദേശം അഞ്ചുമീറ്റര്‍ അടുത്ത് കണ്ടത് ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ ആ സ്റ്റേജിലാണ്. അല്ലാതെ അവരുമായി നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ബുദ്ധിയുള്ള ആരെങ്കിലും പോയി ബിജെപിയില്‍ ചേരുമോ? ഇവരെ പോലെ അല്‍പ്പബുദ്ധികള്‍ ചിന്തിക്കുമെന്നല്ലാതെ. ഞാന്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബിജെപിയില്‍ ചേരുമോ?നിങ്ങള്‍ക്ക് തന്നെ ചോദിച്ച് മനസിലാക്കി പറഞ്ഞൂടേ. ഞാന്‍ പറയാന്‍ നില്‍ക്കണോ? ഫോണില്‍ പോലും ഞാന്‍ അവരുമായി സംസാരിച്ചിട്ടില്ല. നിങ്ങള്‍ അന്വേഷിക്കൂ. എന്നെ ഒരാള്‍ വന്നുകാണുന്നത് പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യം എന്താണ്. പ്രകാശ് ജാവഡേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. അതുകൊണ്ട് പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. പാര്‍ട്ടിയെ കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്.’- ഇപി ജയരാജന്‍ പറഞ്ഞു.