സംസ്ഥാനത്ത് ഉഷ്ണതരംഗം മുന്നറിയിപ്പ് തുടരും. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് കേരളത്തില്‍ ഇന്നലെ രണ്ട് മരണങ്ങളാണ് സംഭവിച്ചത്. കനത്ത ചൂടിനെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് 6 വരെ അടച്ചിടുകയാണ്.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും.
ചില ജില്ലകളില്‍ രാത്രി താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വീണ്ടും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൊല്ലം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ രേഖപ്പെടുത്തി. പല ജില്ലകളിലും വേനല്‍മഴ എത്താത്തതിനാല്‍ കൊടുംചൂടില്‍ വലയുകയാണ് ജനങ്ങള്‍. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.