കൊച്ചിയില്‍ പനമ്പള്ളിനഗറിലെ ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയായ 20 കാരി പീഡനത്തിന് ഇരയായിരുന്നുവെന്നും മകള്‍ ഒറ്റക്കാണ് കുഞ്ഞിനെ കൊന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് പെണ്‍കുട്ടി ഫ്ളാറ്റിലെ ശുചിമുറിയില്‍ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് അടുത്തുള്ള പറമ്പിലേക്ക് കുഞ്ഞിനെ കവറിലാക്കി എറിഞ്ഞു. എന്നാല്‍ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിലേക്ക് വീണു. നിലവില്‍ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കേണ്ടതുണ്ട്.
ആമസോണ്‍ ഡെലിവറി കവറില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പതിനഞ്ച് വര്‍ഷമായി 5സി എന്ന ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ 20 വയസുള്ള മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം ആര്‍ക്കുമറിയില്ലായിരുന്നു. ആമസോണിന്റെ ഡെലിവറി കവറില്‍ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്. എന്നാല്‍ കവറിന്റെ മുകളിലുള്ള മേല്‍വിലാസമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ളാറ്റിനു മുന്നില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡിന്റെ നടുക്ക് ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്ലാറ്റ് അധികൃതര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.