കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണകാരണം. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം റോഡില്‍ വെച്ച് ഒരു വാഹനം കുഞ്ഞിനു മേല്‍ കയറിയിറങ്ങിയിരുന്നു. വലിച്ചെറിഞ്ഞപ്പോഴാണോ വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോട് കൂടിയാണ് കുഞ്ഞിനെ പ്രസവിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ആണ്‍ സുഹൃത്തിനെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മകള്‍ ഗര്‍ഭിണി ആയത് ഇത്രയും കാലമായിട്ട് മാതാപിതാക്കള്‍ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഫ്‌ലാറ്റിലെ ശുചിമുറിയില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. രാവിലെ എട്ട് മണിയോടെയാണ് ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്.
കവറിലാക്കിയാണ് സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞത്. കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് അടുത്തുള്ള പറമ്പിലേക്ക് കുഞ്ഞിനെ കവറിലാക്കി എറിഞ്ഞു. എന്നാല്‍ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിലേക്ക് വീണു. നിലവില്‍ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കേണ്ടതുണ്ട്.
ആമസോണ്‍ ഡെലിവറി കവറില്‍ പൊതിഞ്ഞാണ് ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ളാറ്റിനു മുന്നില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡിന്റെ നടുക്ക് ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്ലാറ്റ് അധികൃതര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.