Newsperseconds.com

ഗര്‍ഭം ആണ്‍സുഹൃത്തിന് അറിയാമായിരുന്നു, പിന്തുണ ലഭിച്ചില്ല; പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ യുവതിയുടെ മൊഴി

Capture

കൊച്ചി: പനമ്പിള്ളിനഗറില്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. താന്‍ ഗര്‍ഭിണി ആയത് അറിഞ്ഞത് വളരെ വൈകിയായിരുന്നു. ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം അപ്പോഴേക്ക് കഴിഞ്ഞിരുന്നു.

അതേ സമയം, താന്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. കൂടാതെ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് കയ്യൊഴിഞ്ഞിരുന്നു. പിന്തുണ ലഭിക്കാതിരുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. ആണ്‍ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാന്‍ ആണ്‍സുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോട് കൂടിയാണ് കുഞ്ഞിനെ പ്രസവിച്ചത്. യുവതിയുടെ ആണ്‍ സുഹൃത്തിനെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിലെ ശുചിമുറിയില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. രാവിലെ എട്ട് മണിയോടെയാണ് ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്.

Share this Article

Leave a Comment