തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്തുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് കാരണമായത് അരളിയുടെ പൂവോ ഇലയോ ആണെന്നായിരുന്നു പ്രാഥമിക നിഗമനം വന്നത്. വീടിന്റെ മുറ്റത്ത് വെച്ച് ഫോണ്‍ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അറിയാതെ അരളിപ്പൂ നുള്ളി വായിലിട്ടിരുന്നു. തുടര്‍ന്ന് യാത്രാമദ്ധ്യേ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുകയെന്നും ഗവേഷണ കേന്ദ്രം പറഞ്ഞു.
ഈ സംഭവത്തെ തുടര്‍ന്ന് ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍ദ്ദേശം നല്‍കി. ക്ഷേത്ര വളപ്പില്‍ അരളി നട്ടു വളര്‍ത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്.