തിരുവനന്തപുരം: മാസപ്പടി കേസില്‍ കോടതി വിധി നിരാശജനകമാണെന്നും കോടതി വിധി നിയമപരമായ തിരിച്ചടിയാണെന്നും മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളിയതില്‍ പ്രതികരണവുമായാണ് മാത്യൂ കുഴല്‍നാടന്‍ രംഗത്തെത്തിയത്. ഇങ്ങനെയൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചില്ല. കോടതിയോട് ബഹുമാനം മാത്രമേയുള്ളൂ. വിനയപൂര്‍വം കോടതിവിധി സ്വീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. താന്‍ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍ ആണെങ്കില്‍ തനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാവുന്നതേ ഉള്ളൂ. താന്‍ സമര്‍പ്പിച്ച രേഖകള്‍ കോടതിക്ക് വിളിച്ചു വരുത്താവുന്നതേ ഉള്ളൂ. പിണറായി വിജയന്റെ കുടുംബത്തോട് തനിക്ക് ഒരു വ്യക്തി വിരോധവുമില്ല. ആ നിലയിലല്ല താന്‍ കേസ് കൊടുത്തതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
തന്റെ പോരാട്ടം അഴിമതിക്കെതിരെയാണ്. പൊതു സമൂഹത്തിന് വേണ്ടിയാണ്. നിയമ നടപടിക്ക് ഇറങ്ങി എന്നതിന്റെ പേരില്‍ തനിക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. പക്ഷെ ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. നിയമ പോരാട്ടം തുടരും. അവസാനം വരെ പോരാട്ടം തുടരും. കേസില്‍ അപ്പീല്‍ പോകും. തെളിവുകള്‍ ധാരാളം തന്റെ പക്കലുണ്ട്. 28 ഓളം രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ആയിരുന്നു തന്റെ ആവശ്യം. മുഖ്യമന്ത്രിയെ ശിക്ഷിക്കണമെന്ന് ആയിരുന്നില്ല താന്‍ ആവശ്യപ്പെട്ടത്. വീണാ വിജയന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന ഒരു നടപടിയും തന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.