കണ്ണൂര്‍: അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയതില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വിമാന സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും റദ്ദാക്കിയതോടെയാണ് മറ്റൊരു സംഭവം അരങ്ങേറിയത്.തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനക്കമ്പനികള്‍ ഡ്യൂട്ടി സമയപരിധിയില്‍ എത്തിയതാണ് റദ്ദാക്കലിനു കാരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നിലവില്‍ സമീപത്തെ ഹോസ്റ്റലില്‍ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.