Newsperseconds.com

കുഴിനഖം ചികിത്സിക്കാന്‍ ഒപിയിലെ ഡ്യൂട്ടി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി; തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ പരാതി

Capture

കുഴിനഖ ചികിത്സക്കായി ഒപി ഡ്യൂട്ടിയിലുള്ള ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിന് തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ പരാതി. ഒപി ചികിത്സ മാറ്റി വെച്ചാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്താന്‍ നിര്‍ബന്ധിതനായത്. കലക്ടറുടെ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും ഫ്യൂഡല്‍ മനോഭാവം നിറഞ്ഞതാണെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ പറഞ്ഞു. കലക്ടര്‍ക്കെതിരെ അധികാരദുര്‍വിനിയോഗത്തിന്റെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ സമരത്തിലേക്ക് പോകുമെന്നും കെജിഎംഒ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു രീതി ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല. വീണ്ടും വിളിച്ച് അധികാര ഭാവത്തില്‍ പറഞ്ഞതോടെയാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്. തിരക്കുള്ള ഒപിയില്‍ നിന്നാണ് കലക്ടറുടെ നിര്‍ബന്ധപ്രകാരം ഡോക്ടര്‍ക്ക് വീട്ടിലേക്ക് പോകേണ്ടി വന്നത്. ഡോക്ടര്‍ വീട്ടിലെത്തുമ്പോള്‍ കലക്ടര്‍ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കലക്ടറെ കണ്ടത്. കാലില്‍ കുഴിനഖത്തിന്റെ പ്രശ്നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടര്‍ന്ന് ചികിത്സ നല്‍കിയശേഷം ഡോക്ടര്‍ മടങ്ങുകയായിരുന്നു. മുമ്പും പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും ജില്ലാ കലക്ടര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച് ചികിത്സ തേടിയതായി പരാതിയുണ്ട്. കലക്ടറുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

Share this Article

Leave a Comment