Newsperseconds.com

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

Capture

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. തുളസി, പിച്ചി പൂവുകള്‍ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. അരളി പൂവ് പൂജയ്ക്കായി ഉപയോഗിക്കാം. അരളിപ്പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന അടിസ്ഥാനത്തിലാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം. നാളെ മുതല്‍ ക്ഷേത്രങ്ങളില്‍ തീരുമാനം നടപ്പിലാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് കാരണമായത് അരളിയുടെ പൂവോ ഇലയോ ആണെന്നായിരുന്നു പ്രാഥമിക നിഗമനം വന്നത്. വീടിന്റെ മുറ്റത്ത് വെച്ച് ഫോണ്‍ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അറിയാതെ അരളിപ്പൂ നുള്ളി വായിലിട്ടിരുന്നു. തുടര്‍ന്ന് യാത്രാമദ്ധ്യേ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുകയെന്നും ഗവേഷണ കേന്ദ്രം പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്ന് ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍ദ്ദേശം നല്‍കി. ക്ഷേത്ര വളപ്പില്‍ അരളി നട്ടു വളര്‍ത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്.

Share this Article

Leave a Comment