തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല നിയന്ത്രണം ഫലം കണ്ടതോടെ ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ നിയന്ത്രണം തുടരുകയുള്ളുവെന്നും കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വതില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വലിയ തോതില്‍ കൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നായിരുന്നു മുമ്പ് നിശ്ചയിച്ചത്. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവില്‍ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. എന്നാല്‍ തത്ക്കാലം ലോഡ് ഷെഡിങിന്റെ ആവശ്യമില്ലെന്നാണ് കെഎസ്ഇബി തീരുമാനം.
കെഎസ്ഇബി ചെയര്‍മാന്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ആദ്യ അവലോകന യോഗമായിരുന്നു ഇന്നത്തേത്.