കോഴിക്കോട്: പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മരണം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ജീവനക്കാരനായ ഗഫൂര്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്. കപ്പലിടിച്ചതിനെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു.
പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കവരത്തിയില്‍ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.