ആലപ്പുഴ: കേരളീയ ജീവിതത്തിന്റെ നാഡിമിടിപ്പായി മാറിയ പ്രധാനവ്യവസായമേഖലയാണ് കയര്‍. പ്രതാപകാലത്തില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് വീണുപോയ കേരളത്തിലെ കയര്‍ വ്യവസായം ഇന്ന് തിരിച്ചുപിടിക്കുകയാണ്. കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും പുനഃക്രമീകരണത്തിനുമുള്ള നടപടികള്‍ ശക്തമാക്കുകയാണ് കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ (കെഎസ്സിസി) മാനേജിങ് ഡയറക്ടര്‍ പ്രതീഷ് ജി. പണിക്കര്‍. കേരളത്തിന്റെ സുവര്‍ണ്ണ നാരായ കയര്‍ കൊണ്ട് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭിക്കാന്‍ പോവുകയാണ്. കയര്‍ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ വാള്‍മാര്‍ട്ടുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കയര്‍ കോര്‍പ്പറേഷന്‍ ധാരണയിലെത്തിയിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും ആധാരമാക്കി കയര്‍ വ്യവസായത്തിന്റെ മുഖഛായ മാറ്റാനും പുരോഗതിയുടെ പുതിയ പടവുകള്‍ താണ്ടാനുമാണ് ഇതിലൂടെ കയര്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ പ്രതീഷ് ജി. പണിക്കര്‍ ന്യൂസ് പെര്‍ സെക്കന്റ്‌സിനോട് പറഞ്ഞു.

പൊതുസമൂഹവും സര്‍ക്കാറും തന്നിലര്‍പ്പിച്ച വിശ്വാസം പുതിയ കാല്‍വെപ്പിലൂടെ സാധൂകരിക്കാന്‍ ശ്രമിക്കുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാനായത് തന്നെയാണ് അതിനുള്ള തെളിവ്. കയര്‍ കോര്‍പ്പറേഷനെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന ഭരണ നേതൃത്തിനോടൊപ്പം തനിക്ക് മികവുറ്റ രീതിയില്‍ ചെയ്യാനാവുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. തനിക്ക് തരുന്ന പിന്തുണയും ആത്മവിശ്വാസവും ഏറെ പ്രതിസന്ധികള്‍ നേരിടുന്ന കയര്‍ കോര്‍പ്പറേഷനെ പുനര്‍ജീവനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ തനിക്കാവുമെന്നും പ്രതീഷ് ജി പണിക്കര്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്നത്. അടുത്തമാസത്തോടെ ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. ഇതോടെ തിരിച്ചുവരവിന്റെ പ്രതീക്ഷയുമായി ലോകവിപണിയിലേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് കേരളാകയര്‍. വാള്‍മാര്‍ട്ടിന്റെ അനുബന്ധ സ്ഥാപനമായ സാംസ് ക്ലബ്ബുമായും ധാരണയിലെത്തിയിട്ടുണ്ട്. ഗുണനിലവാര പരിശോധന ഉള്‍പ്പെടെ വിവിധഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതെന്ന് പ്രതീഷ് പറഞ്ഞു.

വാള്‍മാര്‍ട്ട് എന്ന ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തേക്ക് കയര്‍ കോര്‍പ്പറേഷന്‍ എത്തിപ്പെടാന്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റി ഉറപ്പു വരുത്തുക, മിനിമം വേതനം, സര്‍ട്ടിഫിക്കേഷന്‍ എല്ലാം ഉറപ്പുവരുത്തിയതിന് ശേഷമാണ് ഡല്‍ഹിയില്‍ നടന്ന വാള്‍മാര്‍ട്ട് സമ്മിറ്റില്‍ വെച്ച് അംഗീകാരം ലഭിച്ചത്. അതേ സമയം, ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് ഉത്പന്ന വൈവിധ്യവത്കരണം നടത്തിയത് കോര്‍പ്പറേഷനു വലിയ നേട്ടമായി. 1,400 ഡിസൈനുകളിലുള്ള ഉത്പന്നങ്ങളാണു വിപണിയിലെത്തുന്നത്. പുതിയ ഡിസൈനുകള്‍ക്ക് വേണ്ടി നാഷണല്‍ ഭോപാല്‍ ടീമിന്റെ രണ്ട് ഇന്റേണേര്‍സ് അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. പേയ്‌മെന്റ് സംബന്ധമായ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായാല്‍ അടുത്ത മാസത്തോടെ വാള്‍മാര്‍ട്ടിന്റെയും സാംസ് ക്ലബിന്റെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വിവിധ കയര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതീഷ് ജി. പണിക്കര്‍ പറഞ്ഞു.

കോവിഡ് സമയത്ത് മറ്റു മേഖലകള്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും കയര്‍ വ്യവസായം കുലുങ്ങിയില്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കയര്‍ഉല്‍പ്പന്നങ്ങള്‍ കൊറോണ ഭയന്ന് ഉപേക്ഷിച്ചു പുതിയവ വാങ്ങിയതോടെ വിപണി ഉയര്‍ന്നു. എന്നാല്‍ കോവിഡിന് ശേഷം കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇടക്കാലത്ത് മറ്റ് പരമ്പരാഗത വ്യവസായങ്ങളെ പോലെതന്നെ കയര്‍വ്യവസായവും പ്രതിസന്ധിയിലായി പോയിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമായി ചേര്‍ന്ന് വിപണി പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. പരമ്പരാഗത ഡിസൈനുകള്‍ക്ക് വിട പറഞ്ഞ് ആഗോളതല ഡിസൈനിലൂടെ പുതിയ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ട്രെയിനിങ് സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്. ഒരു കോടി രൂപയാണ് അതിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 50 പേരടങ്ങുന്ന രണ്ട് ബാച്ചുകളായുള്ള ട്രെയിനിങ് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. നൂതന കയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുകയാണ്. 23 വയസ്സിനുള്ള താഴെയുള്ള 14 ഓളം പേരടങ്ങുന്നവരും ട്രെയിനിങ് കഴിഞ്ഞിറങ്ങിയവരില്‍ ഉണ്ട്. ഇതിലൂടെ പുതിയ തലമുറയെ കയര്‍വ്യവസായത്തിലേക്ക് കൊണ്ടു വരാനും പരമ്പരാഗതമായി കയര്‍വ്യവസായ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമേകാനും സാധിക്കും. അന്താരാഷ്ട്ര വിപണി തുറക്കുന്നതോടെ വിറ്റുവരവു കൂട്ടാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും കയര്‍രംഗത്തെ കേരളത്തിന്റെ പൈതൃകം തിരിച്ചുപിടിക്കാനാവുമെന്നും പ്രതീഷ് ജി. പണിക്കര്‍ വ്യക്തമാക്കി.

അതേ സമയം, പുതിയ ഡിസൈനുകളില്‍ നിര്‍മിച്ച രണ്ടുലക്ഷം റോപ് മാറ്റിന്റെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രതീഷ് പറഞ്ഞു. നാഷണല്‍ ലെവല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായി സംയോജിച്ച് തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറില്‍ എക്‌സ്‌പോര്‍ട്ടേര്‍സ്, ക്രാഫ്റ്റ്‌മെന്‍സ്, നാഷണല്‍ എക്‌സ്‌പോ ഡിസൈന്‍ ആളുകള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. അതിലൂടെയാണ് റോപ് മാറ്റ് എന്ന പ്രോഡക്റ്റ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ്ങില്‍ കൊടുക്കണമെന്ന ആശയം വന്നത്. പിന്നീട് ഒരു സാംപിള്‍ ഡിസൈന്‍ ഉണ്ടാക്കി വിവിധ എക്‌സപോര്‍ട്ടേര്‍സ് വഴി മാര്‍ക്കററില്‍ എത്തിച്ചതോടെ വലിയ രീതിയില്‍ സ്വീകരണമുണ്ടായി. റോപ്പ് മാറ്റ് ഉള്‍പ്പെടെ 7 തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇപ്പോള്‍ ട്രെയിനിങ് കൊടുത്തിരിക്കുന്നത്. വിലക്കുറവും അത് കൂടാതെ ഹാന്‍ഡില്‍ ചെയ്യാനുള്ള എളുപ്പവുമാണ് റോപ്പ് മാറ്റുകള്‍ക്ക് വിപണി കൂടുന്നതെന്ന് പ്രതീഷ് ജി. പണിക്കര്‍ പറഞ്ഞു.

കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള വെല്ലുവിളികളും ഏറെയായിരുന്നു. വില കുറക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. തൊഴിലാളികളുടെ കൂടി സഹകരണത്തോടെയാണ് വില കുറച്ചത്. അതിന് ശേഷം വന്നത് വിപണിയില്‍ വലിയ മാറ്റമായിരുന്നു. പിന്നീട്
പുതിയ ഡിസൈനുകള്‍ക്ക് രൂപം കൊടുത്ത് വിപണിതാത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കിയതോടെ അത് മാര്‍ക്കറ്റില്‍ റീച്ച് വര്‍ദ്ധിപ്പിച്ചു. വിപണിയിലെ മാറ്റം ഉത്പന്ന നിര്‍മാണത്തിലും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. വ്യത്യസ്ഥ സീസണുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ കയറ്റുമതിക്കായി ഉത്പന്നങ്ങള്‍ നിര്‍മിക്കും. എക്‌സ്‌പോര്‍ട്ട് രംഗത്ത് ആവശ്യമുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടിയിട്ടുണ്ട്. പുത്തന്‍ മാറ്റങ്ങളിലൂടെ സ്ഥാപനത്തെ മത്സരക്ഷമമാക്കാനും കയര്‍മേഖലയെ ലാഭകരമാക്കാനുമാണ് ഇനിയുള്ള ശ്രമമെന്ന് പ്രതീഷ് ജി. പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.