തിരുവനന്തപുരം: പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ യുവതിക്ക് സംഭവിച്ചത് ഗുരുതരമായ അക്രമമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സംഭവത്തില്‍ വനിതകമ്മീഷന്‍ പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസിനെ വിളിപ്പിച്ച് കടുത്ത ഭാഷയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. പരാതിയിലെ കാര്യങ്ങള്‍ വായിച്ചപ്പോഴാണ് സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയുന്നതെന്നും അവര്‍ പറഞ്ഞു.
അതേ സമയം, ക്രൂരമായി ആക്രമിച്ച ഭര്‍ത്താവിനെ പിന്തുണച്ച, ശാരീരിക പീഡനം ഭര്‍ത്താവിന്റെ അവകാശമാണെന്ന് കരുതുന്ന പൊലീസുകാര്‍ പൊലീസ് സേനയ്ക്ക് അപമാനമാണ്. ഇന്നത്തെ കാലത്തും പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടുന്നത് വേദനാജനകമാണ്. കെട്ടുകണക്കിന് സ്വര്‍ണം അണിഞ്ഞു വിവാഹത്തിന് പങ്കെടുക്കണം എന്ന ധാരണ തെറ്റാണ്. പെണ്‍കുട്ടികളെ കേവലം ശരീരമായി മാത്രം കാണരുത്. ഇരയായ പെണ്‍കുട്ടിയെ കാണുകയും എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുമെന്നും സതീദേവി വ്യക്തമാക്കി.