എറണാകുളം: സംസ്ഥാനത്ത് ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിലാണ് യുവാക്കള്‍ ടിടിഇമാരെ അക്രമിച്ചത്. വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പോലീസ് പിടികൂടി. യുവാക്കളില്‍ നിന്ന് കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
യുവാക്കള്‍ ജനറല്‍ ടിക്കറ്റ് എടുത്ത് സ്ലീപ്പര്‍ കോച്ചിലാണ് കയറിയത്. തുടര്‍ന്ന് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാനോ പറഞ്ഞു. എന്നാല്‍ പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് ടിടിഇയെ തള്ളുകയായിരുന്നു. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയിരുന്നു. പുറത്തുണ്ടായിരുന്ന ടിടിഇ പ്രതിയെ പിടിച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിച്ചശേഷം ഓടുകയായിരുന്നു. എന്നാല്‍ പിന്നീട് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടിയപ്പോഴാണ് ആക്രമിച്ച യുവാവിനെ ട്രെയിനിന്റെ എസി കോച്ചിലെ ബാത്ത് റൂമില്‍ നിന്ന് പിടികൂടിയത്.