കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി പെണ്‍കുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് ഒരു പ്രശ്നവുമില്ലായിരുന്നു. ആറാം വിരല്‍ നീക്കാന്‍ വേണ്ടിയായിരുന്നു ശസ്ത്രക്രിയ. ചികിത്സ പിഴവ് സംഭവിച്ച ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നും മാതാവ് പറഞ്ഞു. ഒരു കുട്ടിയ്ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും മാതാവ് പറഞ്ഞു
അതേ സമയം, അനുഭവ പരിചയമുള്ള ഡോക്ടര്‍ എന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. അദ്ദേഹം ഇത്രനാള്‍ നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് പ്രിന്‍സിപ്പലിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്നങ്ങള്‍ കണ്ടു. എങ്കില്‍ തന്നെയും അത് ശസ്ത്രക്രിയയ്ക്ക് മുന്നേ വാക്കാല്‍ എങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നുവെന്നും അത് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് കൂടിയാണ് റിപ്പോര്‍ട്ട്. ഡോക്ടറുടെ ചികിത്സാ പിഴവിനെ കുറിച്ച് കാണിക്കാതെയും എക്‌സ്പീരിയന്‍സ് എടുത്ത് കാണിച്ച് അനുകൂലിക്കുന്നതുമായുള്ള റിപ്പോര്‍ട്ടാണ് ആശുപത്രി സൂപ്രണ്ട് നല്‍കിയത്.