കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചു. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതോടെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കാനകളും തോടുകളും നിറഞ്ഞൊഴുകുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലുള്ള വാര്‍ഡുകളിലാണ് വെള്ളം കയറിയത്. ഇത്രയും കൊല്ലത്തിന് ഇടയില്‍ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നത്. വെള്ളം കയറിയതോടെ വാര്‍ഡുകളിലെ കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.
കൂടാതെ ഗുരുവായൂര്‍ ക്ഷേത്രം തെക്കേ നടപ്പുരയില്‍ വെള്ളം കയറി. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളില്‍ വെള്ളം കയറി. ഇന്‍ഫോപാര്‍ക്കിലെ വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുങ്ങി. തൃശൂര്‍ നഗരത്തില്‍ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി.