Newsperseconds.com

‘അവയവമാഫിയ വാഴുന്ന കേരളം’; സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് കോടികളുടെ അവയവക്കച്ചവടം; ഐസിയുവിലെ രോഗികള്‍ ഭയത്താല്‍ മരണപ്പെടുന്ന സാഹചര്യം; സമഗ്ര അന്വേഷണത്തിന് കേന്ദ്രത്തിന് നിവേദനം നല്‍കി ഡോ.രാജീവ്‌മേനോന്‍

Untitled 1

സ്വകാര്യ ആശുപത്രികളിലെ അവയവക്കച്ചവടം പുറത്തുകൊണ്ടുവരണമെന്നും ഐസിയുവിലെ രോഗികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ഐസിയുവിലും സിസിയുവിലും അഡ്മിററ് ചെയ്യുന്ന രോഗികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ബന്ധുക്കളെക്കൂടി പരിഗണിക്കണം. ഐസിയുവില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ ഭയത്താല്‍ മരണപ്പെടുന്ന സാഹചര്യമുണ്ട്. രോഗിക്കൊപ്പം ബന്ധുക്കളെ നിര്‍ത്താന്‍ ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ തയ്യാറാകുന്നില്ല. രോഗിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്നാണ് അധികൃതരുടെ ന്യായം. എന്നാല്‍ രോഗിക്ക് കാവലായി അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധുവിനെ കൂടി നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി. ലേക് ഷോര്‍ ആശുപത്രി കേന്ദ്രീകരിച്ച ദുരൂഹതകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഡോ.രാജീവ്‌മേനോന്‍ ഇത്തരത്തിലൊരു പ്രസ്താവന പുറത്തുവിട്ടത്.

രോഗികളുടെ ജീവന് വില നല്‍കാതെയാണ് സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും ക്രൂരമായ രീതിയിലുള്ള ഇടപെടല്‍ നടത്തുന്നത്. ഒരാളുടെ പോലും സമീപനം ഇല്ലാതെ ഐസിയുവില്‍ ഒറ്റപ്പെട്ട് കിടക്കുമ്പോഴാണ് ഐസിയുവില്‍ രോഗിക്ക് ഹൃദയസ്തംഭനമടക്കം ഉണ്ടാകുന്നത്. ഇത്തരത്തിലുണ്ടാകുന്ന ഐസിയു മരണങ്ങളെല്ലാം ബ്രെയിന്‍ ഡെത്ത് ആയിട്ടാണ് ചിത്രീകരിക്കുന്നത്. ആ മുറിയില്‍ നടക്കുന്നതൊന്നും രോഗിയോ ബന്ധുവോ അറിയുന്നില്ല. ഇതിനെതിരെ കൃത്യമായ ഇടപെടല്‍ വേണമെന്നും നിയമ സംവിധാനത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികളെ ജനങ്ങള്‍ ഇപ്പോള്‍ ഭയക്കുന്ന അവസ്ഥയാണ്. ഇതിനു വേണ്ടിയുള്ള നിയമനിര്‍മ്മാണം ഉണ്ടാകണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ പ്രലോഭിപ്പിച്ചാണ് കിഡ്‌നി നല്‍കാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്. ഇത്തരം മാഫിയകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവന്നിട്ടും അവരെ തൊടാന്‍ പോലും ഇവിടുത്തെ നിയമങ്ങള്‍ക്ക് പറ്റുന്നില്ല. അനധികൃത അവയവമാറ്റിവെയ്ക്കലിലൂടെ ഏജന്റുമാരും ആശുപത്രികളും കോടികളാണ് സമ്പാദിക്കുന്നത്. അവയവ വേട്ട നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് എത്രയും പെട്ടെന്ന് തടയിടണമെന്നും ഡോ.രാജീവ്‌മേനോന്‍ ന്യൂസ്‌പെര്‍ സെക്കന്റ്‌സിനോട് പറഞ്ഞു.

അവയവക്കച്ചവടം നടക്കുന്നുവെന്ന ആരോപണം ദിനംപ്രതി ഉണ്ടാവുന്നുണ്ട്. ഇപ്പോള്‍ ലേക് ഷോര്‍ ആശുപത്രിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണം ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. കോടികള്‍ കൈമറിയുന്ന വലിയൊരു മാഫിയ ബിസിനസ്സാണിത്. അതു മാത്രവുമല്ല ലക്ഷങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ ഏജന്റുമാര്‍ വഴി അവയവങ്ങള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറാകുന്നവരുടെ എണ്ണം കൂടി വരികയാണ്. ഏജന്റുമാര്‍ ഇടപ്പെട്ട് പൈസക്ക് ആവശ്യമുള്ള ആളുകളെ തിരഞ്ഞെടുത്ത് അവയവങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അവയവദാനത്തിന് കൃത്യമായ നിയമങ്ങളുണ്ട്. കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത് കിഡ്‌നിക്കാണ്. 50 വയസ്സിന് താഴെയുള്ള ആളുകളില്‍ കിഡ്‌നി രോഗം അടുത്ത കാലത്തായി വ്യപകമാവുകയാണ്. സര്‍ക്കാര്‍ സംവിധാനം വഴി കിഡ്‌നി മാറ്റിവെക്കല്‍ പെട്ടെന്ന് നടക്കില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ രോഗികള്‍ അവയവമാഫിയകളെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തെ നിരവധി പ്രമുഖ സ്വകാര്യ ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ അനധികൃതമായി നടത്തിക്കൊടുക്കുന്നുണ്ട്. ഏജന്റുമാരും ആശുപത്രി അധികൃതരും ഒത്തുകളിച്ചാണ് ഇത് ചെയ്യുന്നത്. സംഭവത്തില്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. അല്ലെങ്കില്‍ ഇതിനെതിരെ കേരളത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

 

Share this Article

Leave a Comment