ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റമാല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടതോടെ വരും മണിക്കൂറില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. പശ്ചിമ ബംഗാളിലെ തീരപ്രദേശത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ കനത്ത മഴയാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്തനിവാരണ സേനയുടെ മരങ്ങള്‍ മുറിച്ച് മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്.
ആഘാതം ലഘൂകരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അസം, മേഘാലയ, ത്രിപുര, മിസോറാം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാത്രി ബംഗ്ലാദേശിലെ മോംഗ്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സാഗര്‍ ദ്വീപിനും ഖെപുപാറയ്ക്കും ഇടയില്‍ വീശിയടിച്ച കൊടുങ്കാറ്റ് വ്യാപക നാശനഷ്ടമാണ് വരുത്തിയത്. നൂറുകണക്കിന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
അതേ സമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.