ഭാരത സര്‍ക്കാരിന്റെ പദ്മശ്രീ ബഹുമതി ഗുരു മുനി നാരായണ പ്രസാദിന് വര്‍ക്കല നാരായണ ഗുരുകുലത്തില്‍ വന്ന് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണു കൈമാറി. നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷനായ ഗുരു മുനി നാരായണ പ്രസാദിന്റെ പദ്മശ്രീ നേട്ടം ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് ലഭിച്ച അംഗീകാരമാണ്. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചുമാണ് അദ്ദേഹം പ്രശസ്തനായത്. ചീഫ് സെക്രട്ടറി ഗുരുകുലത്തില്‍ എത്തിച്ചേര്‍ന്നാണ് ഗുരു മുനി നാരായണ പ്രസാദിന് പദ്മശ്രീ അവാര്‍ഡ് കൈമാറിയത്.
അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ് പ്രൊഫസറായും ഗുരു മുനി നിരന്തരം സഞ്ചരിക്കുന്നുണ്ട്. 1938ല്‍ നഗരൂരില്‍ ജനിച്ച ഗുരു മുനി നാരായണപ്രസാദ് 1970ല്‍ പി.ഡബ്ലു.ഡിയിലെ എന്‍ജിനിയര്‍ ജോലി രാജിവച്ചാണ് സന്യാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്. വര്‍ക്കലയിലെ ഗുരുകുലത്തില്‍ നടരാജ ഗുരുവിന്റെ ശിഷ്യനായി. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം,കേനം,കഠം,പ്രശ്നം, മുണ്ഡകം,തൈത്തിരീയം,ഐതരേയം എന്നീ ഉപനിഷത്തുകള്‍ക്കും ഭഗവത്ഗീതയ്ക്കും ശ്രീനാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം,നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി 200 ഓളം കൃതികള്‍ പ്രസിദ്ധീകരിച്ചു.
നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട് ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം ഗുരു മുനി നിറഞ്ഞുനില്‍ക്കുകയാണ്. പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്തകങ്ങളായും അന്വേഷികള്‍ക്ക് ഗുരുമുനി സമ്മാനിക്കുന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രെഷറര്‍ സ്വാമി ശാരദാനന്ദ, നാരായണ ഗുരുകുലം റെഗുലേറ്റിങ് സെക്രട്ടറി സ്വാമി ത്യാഗീശ്വരന്‍, സ്വാമി തന്മയ, ഡോ പി കെ സാബു, ഡോ ബി സുഗീത എന്നിവര്‍ സംസാരിച്ചു.