മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും പിന്തുണച്ച് കൊണ്ടുള്ള ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഇപി എഫ്ബി പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം വിശ്വസിച്ചുവെന്നും ഇനിയും ഞങ്ങളെ പറ്റിക്കണ്ട എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. എക്സാലോജിക് കേസില്‍ ഇതിനു മുമ്പും ഇപി ജയരാജന് വീണയെ പിന്തുണച്ചിരുന്നു. മുഖ്യമന്ത്രി കുടുംബത്തോടൊപ്പം നില്ക്കുന്ന ഫോട്ടോയോടൊപ്പമാണ് പിന്തുണ അറിയിച്ചത്. എക്സാലോജിക് എല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ സംരംഭം നടത്തി ജീവിക്കാന്‍ സമ്മതിക്കില്ലേയെന്നും ഇപി ജയരാജന് ചോദിച്ചു. ഐടി മേഖലയില്‍ പ്രഗത്ഭയായ ഒരു പെണ്‍കുട്ടി സംരംഭം തുടങ്ങി. അതിന്റെ പേരില്‍ അവരെ വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നും പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും ഇപി ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുന്നതുവഴി കേരളത്തെ ആകെ അപമാനിക്കാനും സിപിഐഎമ്മിനെ ക്രൂശിക്കാനും ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ എന്നാണ് ഇപിയുടെ വാദം. എക്സാലോജിക് കണ്‍സള്‍ട്ടിങ്ങ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത ലണ്ടന്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. എക്സാലോജിക് സൊലൂഷ്യന്‍സ് ഇവിടെയുള്ള കമ്പനിയും. എന്നാല്‍ ഈ രണ്ട് കമ്പനികളും ഒന്നാണന്ന തരത്തില്‍ എക്സാലോജിക് കണ്‍സള്‍ട്ടന്‍സിയുടെ ലോകത്ത് വിവിധയിടങ്ങളിലുള്ള ബാങ്കുകളിലെ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലാണെന്നും പറഞ്ഞ് പത്രസമ്മേളനം നടത്തി അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഒരു മടിയുമില്ലാതെ പറയുകയാണ് ഷോണ്‍ ജോര്‍ജ്ജ് എന്നാണ് ഇപി പറയുന്നത്.
ഒരു പരിശോധനയുമില്ലാതെ മാധ്യമങ്ങള്‍ ഇതെല്ലാം കൊട്ടിഘോഷിക്കുകയാണ്. തെറ്റായ ആരോപണം ഉന്നയിച്ച്, തെറ്റായ വാര്‍ത്തകള്‍ ആഘോഷിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒരു പെണ്‍കുട്ടിയേയും വ്യക്തിഹത്യ ചെയ്ത് നശിപ്പിക്കുക, ഇടതുപക്ഷത്തെ തകര്‍ക്കുക, സിപിഎമ്മിനെ ഇല്ലാതാക്കുക എന്നെല്ലാം ലക്ഷ്യംവെച്ച് നടത്തിയ ഈ നിഷ്ഠൂരമായ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇപി ജയരാജന് കുറിച്ചു. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാതെ കൊട്ടിഘോഷിക്കുന്ന ജനവിരുദ്ധ ശക്തികള്‍ക്ക്, ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവര്‍ക്ക് ആവശ്യമായ ചികിത്സ നല്കാന് ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മാപ്പര്‍ഹിക്കാത്ത കാര്യമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ആ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനകള്‍ സ്വമേധയാ പിന്‍വലിച്ച് കേരള ജനതയോടും മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ മകളോടും കുടുംബത്തോടും മാപ്പപേക്ഷിക്കുക കൂടി ചെയ്യണമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.