തിരുവനന്തപുരം: 2024-25 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് നേരത്തെ അവതരിപ്പിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. 2024 ജനുവരിയോടെ നിയമസഭയില്‍ സമഗ്രമായ ബജറ്റ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി അവസാനമോ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന ബജറ്റിന്റെ പതിവ് രീതി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനകള്‍ നടത്തി ധനകാര്യ വകുപ്പിലും കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിലും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. സബ്ജക്ട് കമ്മിറ്റി മീറ്റിംഗുകള്‍, ചര്‍ച്ചകള്‍, ഗ്രാന്റുകള്‍ക്കുള്ള ഡിമാന്‍ഡ് പാസാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള തുടര്‍ന്നുള്ള പ്രക്രിയകള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ ഈ ടൈംലൈന്‍ അനുവദിക്കുന്നു. ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അത് പാസാക്കിയെടുക്കാന്‍ ആഴ്ചകള്‍ നീണ്ട നടപടി ക്രമങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കില്‍ ജനുവരിയില്‍ തന്നെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കണം.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നികുതി വര്‍ധനവുണ്ടായത് അതൃപ്തിക്ക് വഴിവെച്ചിരുന്നു. വസ്തു നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, വാഹനങ്ങളുടെ നികുതി എന്നിവ വര്‍ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് ഡി 2 എന്ന സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതാണ് ഏറ്റവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്.