തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. രാജ്യം മുഴുവന്‍ നാളത്തെ പ്രഭാതത്തിനായി കാത്തിരിക്കുകയാണ്. ഏറെക്കാലത്തെ വാക്‌പോരുകള്‍ക്കും പ്രചരണതന്ത്രങ്ങള്‍ക്കുമൊടുവില്‍ 7 ഘട്ടമായി അവസാനിച്ച ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ രാവിലെ എട്ട് മുതല്‍ അറിയാം. പൗരത്വ നിയമഭേദഗതിയില്‍ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനില്‍ക്കുന്ന പ്രചരണവിഷയങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോയത്. അടിയൊഴുക്കുകള്‍ അനുകൂലമാക്കാന്‍ സകല അടവുകളും പയറ്റിയാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അങ്കത്തട്ടില്‍ നിറഞ്ഞാടിയത്. ദേശീയനേതാക്കളും പ്രധാനമന്ത്രി മോദിയടക്കം കേരളത്തിലെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ എന്‍ഡിഎക്ക് പ്രതീക്ഷയേറുകയാണ്.
ആദ്യ ഫല സൂചന രാവിലെ ഒന്‍പത് മണിയോടെ ലഭിക്കും. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണ പരീശിലനം നല്‍കിയിട്ടുണ്ട്. സാധാരണ നിലയില്‍ പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്‌നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും. എക്‌സിറ്റ് പോള്‍ ഫലപ്രഖ്യാപനം പ്രകാരം എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് നിഗമനം. കേരളത്തില്‍ യുഡിഎഫ് തരംഗം തീര്‍ക്കുമ്പോള്‍ ബിജെപിക്ക് ഒരു അക്കൗണ്ട് എങ്കിലും തുറക്കാനാകുമെന്നുമാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ പ്രയാസമാണെന്നും ഫലങ്ങള്‍ പുറത്തുവന്നു. നാളെ ഉച്ചക്ക് 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം അറിയാനാകും.
അതേ സമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സമ്പൂര്‍ണ്ണ വ്യാജമാണെന്നും അതിനെ പൂര്‍ണ്ണമായും തള്ളുകയും ചെയ്യുകയാണ് ഇടത് വലത് മുന്നണികള്‍. ആഹ്ളാദിക്കാനും നിരാശയിലേക്കു വീഴാനും മാത്രം ആധികാരികമാണോ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്ന ചോദ്യവും നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ചരിത്രം പരിശോധിച്ചാല്‍ അല്ലെന്നു തന്നെ ഉത്തരം, കാരണം എക്സിറ്റ് പോളുകളെ പരിഹാസ്യമാക്കിയ ജനവിധികള്‍ ഉണ്ടായിട്ടുണ്ട് ഈ മഹാ ജനാധിപത്യ രാഷ്ട്രത്തില്‍. രാജ്യം പുതിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിക്കണമെന്നും എല്ലാ രംഗത്തും പരിഷ്‌ക്കരണം വേണമെന്നും പ്രധാനമന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ നിര്‍ദ്ദേശിച്ചു.