ഇത്തവണ കേരളത്തില്‍ താമര വിരിഞ്ഞു. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തിളക്കമാര്‍ന്ന വിജയം. ഒടുവില്‍ തൃശ്ശൂര്‍ സുരേഷ്‌ഗോപി തൂത്തുവാരിയിരിക്കുകയാണ്. ആദ്യം മുതലേ ലീഡ് നിലനിര്‍ത്തി വന്‍മുന്നേറ്റമാണ് സുരേഷ്‌ഗോപിയുടേത്. ബി ജെ പിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കുക എന്ന സ്വപ്‌നം ബിജെപി സുരേഷ്‌ഗോപിയിലൂടെ അനായാസം നടത്തിയിരിക്കുകയാണ്. നിയമസഭയില്‍ കേരളത്തില്‍ പൂട്ടിയ അക്കൗണ്ട് ലോക്‌സഭയില്‍ തുറന്നെടുത്തിരിക്കുകയാണ് സുരേഷ് ഗോപിയിലൂടെ ബി ജെ പി.
ഏറ്റവും ഒടുവിലെ വിവരപ്രകാരം 48304 വോട്ടിനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി മുന്നേറുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ്. വടകരയില്‍ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. തൃശ്ശൂരില്‍ ആദ്യം മുതല്‍ സുരേഷ്‌ഗോപി തിളങ്ങി നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. 2019-ല്‍ സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തായിരുന്നു. നാല് റൗണ്ടിലും സുരേഷ് ഗോപി മുന്നിലായിരുന്നു.