തൃശ്ശൂര്‍: ശക്തന്റെ മണ്ണില്‍ അതിശക്തനായി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് സുരേഷ്‌ഗോപി. പരിഹാസങ്ങളും പ്രതിസന്ധിയും അതിജീവിച്ച് മധുരപ്രതികാരം പോലെ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരിക്കുകയാണ്. ആദ്യത്തെ രണ്ട് ശ്രമത്തിലും തോറ്റ് പിന്മാറിയെങ്കിലും തൃശ്ശൂരിനെ എടുക്കാന്‍ സുരേഷ്‌ഗോപി തുനിഞ്ഞിറങ്ങി. കേരളത്തില്‍ ബിജെപി ഉറ്റുനോക്കിയ മണ്ഡലമാണ് തൃശ്ശൂര്‍. എന്തുവിലകൊടുത്തും സീറ്റുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തിളക്കമാര്‍ന്ന വിജയം. ഒടുവില്‍ തൃശ്ശൂര്‍ സുരേഷ്‌ഗോപി തൂത്തുവാരിയിരിക്കുകയാണ്. ആദ്യം മുതലേ ലീഡ് നിലനിര്‍ത്തി വന്‍മുന്നേറ്റമാണ് സുരേഷ്‌ഗോപി കാഴ്ചവെച്ചത്. ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കുക എന്ന സ്വപ്‌നം ബിജെപി സുരേഷ്‌ഗോപിയിലൂടെ അനായാസം നടത്തിയിരിക്കുകയാണ്. നിയമസഭയില്‍ കേരളത്തില്‍ പൂട്ടിയ അക്കൗണ്ട് ലോക്‌സഭയില്‍ തുറന്നെടുത്തിരിക്കുകയാണ് സുരേഷ് ഗോപിയിലൂടെ ബിജെപി.
സുരേഷ്‌ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കളത്തിലിറങ്ങിയ പ്രചരണനാളുകള്‍. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും അറിയിച്ച് സുരേഷ്‌ഗോപി ജനങ്ങള്‍ക്കിടയില്‍ സജീവസാന്നിധ്യമായിരുന്നു. തൃശ്ശൂരിലെ മത്സരം ദേശീയമാധ്യമങ്ങള്‍ വരെ ഉറ്റു നോക്കിയിരുന്നു. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവും മോദിയുടെ വരവുമെല്ലാം മാധ്യമങ്ങള്‍ കൊണ്ടാടി. തൃശ്ശൂര്‍ മണ്ഡലത്തില്‍ കുതിച്ചോട്ടം നടത്തിയതില്‍ എല്ലാ ക്രെഡിറ്റും ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് സുരേഷ്‌ഗോപി. 73,954 വോട്ടുകള്‍ക്കാണ് സുരേഷ്‌ഗോപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തൃശ്ശൂര്‍. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞടുപ്പിലെ സുരേഷ്‌ഗോപിയുടെ വാക്കുകള്‍ കേരളം ഇന്നും ഓര്‍ക്കുന്നുണ്ട്. ‘തൃശ്ശൂര്‍ എനിക്ക് വേണം, ഈ തൃശ്ശൂര്‍ നിങ്ങളെനിക്ക് തരണം, തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന പ്രയോഗം ട്രോളുകളില്‍ നിറഞ്ഞാടിയിരുന്നു. എന്നാല്‍ ഇന്ന് ആ വാക്കുകള്‍ അര്‍ത്ഥവത്താവുകയാണ്. സുരേഷ്‌ഗോപി തൃശ്ശൂര്‍ എടുത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ തൃശ്ശൂരില്‍ സുരേഷ്‌ഗോപി തിളങ്ങി നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. 2019-ല്‍ സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം ഊതിവീര്‍പ്പിച്ച് ഭീകരാവസ്ഥയിലേക്ക് എത്തിച്ചെങ്കിലും സുരേഷ്‌ഗോപി അടിപതറിയില്ല. ലൂര്‍ദ്ദ് മാതാവിന് പൊന്‍കിരീടം ചാര്‍ത്തിയതും ട്രോളുകളില്‍ നിറഞ്ഞുനിന്നു. ഇതുകൊണ്ടൊന്നും വിമര്‍ശനങ്ങള്‍ തീര്‍ന്നില്ല. എന്നിട്ടും അടിപതറാതെ തല ഉയര്‍ത്തി സുരേഷ്‌ഗോപി ഉറച്ചുനിന്നു. എന്നാല്‍ തന്റേതായ വഴികളിലൂടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തില്‍ സുരേഷ്‌ഗോപി നിറഞ്ഞുനിന്നതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ജനങ്ങളുടെ സ്‌നേഹം വോട്ടായി മാറിയത്. സുരേഷ്‌ഗോപിയെ മാനസികമായി തളര്‍ത്താന്‍ വരെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടും അദ്ദേഹത്തെ തൊടാന്‍ ഇടത് വലത് മുന്നണികള്‍ക്കായില്ല. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ താമരയുടെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ വി എസ് സുനില്‍ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെളിക്കുണ്ടിലെ താമര എന്ന് വിശേഷിപ്പിച്ചവര്‍ക്കായി കടുത്ത മറുപടി പോലയാണ് സുരേഷ്‌ഗോപിയുടെ ഈ മധുരമുള്ള വിജയം.