Newsperseconds.com

‘നാന്‍ വീഴുവേന്‍ എന്‍ട്ര നിനയ്ത്തായോ’ ? ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി

Ss

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ഇന്ത്യസഖ്യത്തിന്റേത്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു. അഹങ്കാരത്തിനും മോദിയുടെ ഏകാധിപത്യ ഭരണത്തിനും ജനം വിധി പറഞ്ഞത് വോട്ടിലൂടെയാണ്. തിളക്കമാര്‍ന്ന വിജയം തന്നെയാണ് ഇന്ത്യസഖ്യം കാഴ്ച്ചവെച്ചത്. ഇതോടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിക്കാമെന്ന ബിജെപിയുടേയും മോദിയുടേയും സ്വപ്‌നങ്ങള്‍ക്കു മേല്‍ മങ്ങലേല്‍ക്കുകയാണ്. ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം മുന്നിലെത്തിയെങ്കിലും ഇന്ത്യമുന്നണിയും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്.

ഇക്കുറി രാഹുല്‍ഗാന്ധി മത്സരിച്ച രണ്ടു മണ്ഡലത്തിലും വന്‍ ജയമാണ് നേടിയത്. മോദി വാരണാസിയില്‍ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ഗാന്ധി നേടി. വയനാട്ടിലാണോ റായ്ബറേലിയിലാണോ സീറ്റ് നിലനിര്‍ത്തുക എന്ന ചോദ്യത്തിന്, രണ്ട് സീറ്റിലും ജയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. വയനാട്ടിലെയും റായ്ബറേലിയിലും ജനങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഏത് സീറ്റാണ് നിലനിര്‍ത്തുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും രണ്ട് സീറ്റും പ്രിയപ്പെട്ടതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഫലം മോദിക്കെതിരെയുള്ള വലിയ സന്ദേശമാണ്. അല്ലാതെ ഒരു പാര്‍ട്ടിക്കെതിരെ അല്ലായിരുന്നു പോരാട്ടം. ചുവപ്പുചട്ടയുള്ള ഭരണഘടനയുമായാണ് രാഹുല്‍ഗാന്ധി വേദിയിലെത്തിയത്. ജോഡോ യാത്രയിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് അടിവെച്ച് കയറിയ രാഹുല്‍ഗാന്ധിക്ക് അഭിനന്ദന പ്രവാഹമാണ്. ഇന്‍ഡ്യാ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ലെന്നും ഭരണഘടന സംരക്ഷിക്കുന്നതിനാണ് സഖ്യം പ്രാധാന്യം നല്‍കിയതെന്നുമാണ് രാഹുലിന്റെ പ്രതികരണം. ‘ഇന്‍ഡ്യാ സഖ്യം നടത്തിയത് രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വലിയ അഭിമാനമാണ് ഈ നിമിഷം തോന്നുന്നത്. എന്റെ രാജ്യം, അതിന്റെ ഭരണഘടന സംരക്ഷിക്കാന്‍ കൂട്ടുനിന്ന ജനങ്ങള്‍, സാധാരണക്കാരായവരില്‍ സാധാരണക്കാരായ, യാതൊരു വിധ പ്രിവിലേജും ഇല്ലാത്ത പൗരന്മാരാണ് ഭരണഘടനയ്ക്കായി ശബ്ദമുയര്‍ത്തിയത്- ദലിതരും കര്‍ഷകരുമെല്ലാം. എല്ലാവരോടും വലിയ നന്ദി യെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Share this Article

Leave a Comment