Newsperseconds.com

വടകരയും കോഴിക്കോടും കണ്ണൂരുമുണ്ടായ അപ്രതീക്ഷിത തോല്‍വിയില്‍ ആത്മപരിശോധനയ്‌ക്കൊരുങ്ങി സിപിഐഎം; കേരളത്തില്‍ ആഞ്ഞുവീശിയത് ഭരണ വിരുദ്ധ വികാരമോ?

Capture

കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ പരാജയം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് സിപിഐഎം. കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് കേരളത്തില്‍ സംഭവിച്ചത്. വടകരയും കോഴിക്കോടും കണ്ണൂരുമുണ്ടായ അപ്രതീക്ഷിത തോല്‍വി ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു. കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ നിന്നടക്കമുണ്ടായ വിധി സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി. വടകരയില്‍ ഏഴില്‍ ആറ് മണ്ഡലങ്ങളിലും കെ കെ ശൈലജ പിന്നിലായി. തുടക്കത്തില്‍ ചെറിയ രീതിയില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് ഷാഫി പറമ്പിലിന്റെ തേരോട്ടമായിരുന്നു. പിണറായിവിജയന്റെ
സ്വന്തം നിയമസഭ മണ്ഡലമായ ധര്‍മ്മടത്തടക്കം സംഭവിച്ചത് എന്താണെന്ന് ഇടതിന് അറിയില്ല.വടകരയൊഴികെ ആറ് അസംബ്ലി മണ്ഡലങ്ങള്‍ കയ്യിലുണ്ടായിട്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന അങ്കലാപ്പിലാണ് പാര്‍ട്ടി ഇപ്പോള്‍.

പാലക്കാടിന്റെ മണ്ണില്‍ നിന്ന് വടകരയിലെത്തി വിത്ത് പാകിയ ഷാഫി പറമ്പില്‍ ജയിച്ചത് 1,14, 506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇത് എല്‍ഡിഎഫിനെ ഉലച്ചത് കുറച്ചൊന്നുമല്ല. സമാന സാഹചര്യമാണ് കോഴിക്കോട് മണ്ഡലത്തിലും. എം കെ രാഘവനുമായി ഏറ്റുമുട്ടി നില്‍ക്കാനാവാത്ത വിധം ഭൂരിപക്ഷമായിരുന്നു. മുഹമ്മദ് റിയാസിന്റെ ബേപ്പൂര്‍ മണ്ഡലത്തില്‍ പോലും എളമരം കരീമിന് വലിയ തിരിച്ചടിയാണുണ്ടായത്. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്ന് സോഷ്യല്‍ മീഡിയ അടക്കമുള്ള പൊതു ഇടങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ നേതൃത്വം അത്തരമൊരു നിഗമനത്തിലേക്ക് എത്തുമോ എന്നതില്‍ സംശയമാണ്. കണ്ണൂരിലെ അപ്രതീക്ഷിത തോല്‍വി സിപിഐഎമ്മിനെ അത്ഭുതപ്പെടുത്തുകയാണ്. ബൂത്തുകളില്‍ നിന്നും ലഭിച്ച കണക്ക് അനുസരിച്ച് നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ. 1,08,982 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ വിജയിച്ചത്. പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍. പാര്‍ട്ടിനേതാക്കളടക്കം അവസാന നിമിഷം വരെ പൂര്‍ണ്ണ വിശ്വാസത്തിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് വരുത്തിയത്.

Share this Article

Leave a Comment