തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ തോറ്റതിന് പിന്നില്‍ ടിഎന്‍ പ്രതാപനെന്ന് ആരോപണം. പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ചേരിപ്പോര് നടക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനും തൃശൂര്‍ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ ഡി സി സി ഓഫീസ് മതിലിലാണ് പോസ്റ്റര്‍ പതിച്ചത്. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്. പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുമെന്ന സൂചനയാണു പുറത്തുവരുന്നത്. തോല്‍വിയില്‍ കെ മുരളീധരന്‍ നേതൃത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനം മുഴുവന്‍ യു.ഡി.എഫിന് അനുകൂലമായപ്പോഴും മുരളിയെ പ്പോലൊരു നേതാവ് ഇത്ര കടുത്ത പരാജയം നേരിട്ടത് തൃശ്ശൂരിലെ സംഘടനാപോരായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വടകരയില്‍ തന്നെ മത്സരിച്ചാല്‍ മതിയായിരുന്നുവെന്നും തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. വടകരയില്‍ നിന്നിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്റെ ആരോപണം. ഇതിനുപിന്നാലെയാണ് മുരളീധരന്റെ തോല്‍വിയില്‍ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയും തര്‍ക്കവുമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. പോസ്റ്റര്‍ നീക്കം ചെയ്‌തെങ്കിലും മുരളീധരന്റെ തോല്‍വിയില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് ഇനിയും രൂക്ഷമായേക്കും.
തൃശൂരില്‍ പ്രതാപന്‍ നിന്നാല്‍ ഇതിലും ദയനീയമായ പരാജയമായിരിക്കും എന്ന വിലയിരുത്തലിലാണ് വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരില്‍ എത്തിച്ചത്. എന്നാല്‍ ഇത് മുരളീധരനും അതൃപ്തി ഉണ്ടാക്കിയിരുന്നു. മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയും തര്‍ക്കവുമാണ് പുറത്തുവരുന്നത്. കെ. മുരളീധരനെന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവിന് തൃശ്ശൂരില്‍ ലഭിച്ചത് മൂന്നാംസ്ഥാനമാണ്. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം ഒരുമയോടെ അണികള്‍ ചേര്‍ന്നുനിന്ന് കരുണാകരന്റെ മകനെ സ്വീകരിച്ചു. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ ആവേശം തകര്‍ത്തെറിയുന്നതായിരുന്നു പതനം. കരുണാകരനുമായി ഏറെ വൈകാരിക ബന്ധമുള്ള തൃശ്ശൂരില്‍ മകനായ മുരളീധരന് ജയിക്കാന്‍ പറ്റാത്തതും അദ്ദേഹത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.