കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. അപകടത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നാണ് പോലീസ് നിഗമനം. അങ്കമാലി കോടതിയ്ക്ക് സമീപം പാറക്കുളത്താണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിന്‍, ജോസ്‌ന എന്നിവരാണ് മരിച്ചത്. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.
ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോര്‍ച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും സംശയമുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ ആളാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ നാട്ടുകാരെ ചേര്‍ത്ത് വീടിന്റെ വാതില്‍ കുത്തിപൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും നാല് പേരും കത്തിക്കരിഞ്ഞ അവസ്ഥയായിരുന്നു.