കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫ് നഗരത്തില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണം 41 ആയി. തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ 195 ഓളം തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് കെട്ടിടമെന്നാണ് വിവരം.
കെട്ടിടത്തില്‍ വലിയൊരു മലയാളി ജനവാസമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരികളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കും. താഴത്തെ നിലയിലെ അടുക്കളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തം കെട്ടിടത്തിനുള്ളില്‍ അതിവേഗം പടരുകയും നിരവധി പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയുമായിരുന്നു.
മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാംപിലാണ് അഗ്‌നിബാധയുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സകളിലാണ്. ചിലരുടെ നില ഗുരുതരമാണ്. തീ ഉയര്‍ന്നതോടെ പലരും ജനല്‍ വഴിയും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെയും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിച്ച് പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.