തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
കേരളത്തില്‍ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന് ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തിന് പുറമേ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം വ്യവസായി രവിപിള്ളയും നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്ടാക്ട് സെന്ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.