നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുന്നു. 1563 വിദ്യാര്‍ത്ഥികളുടേയും സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കും. ഇവര്‍ വീണ്ടും പരീക്ഷ എഴുതണമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ജൂണ്‍ 23 നാണ് പരീക്ഷ നടത്തുക. ജൂണ്‍ 30 ന് ഫലമറിയും.
നീറ്റ് യുജിയില്‍ 67 പേരാണ് ഒന്നാംറാങ്ക് നേടിയത്. ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒന്നാംറാങ്ക് ലഭിക്കുന്നത്. ഹരിയാനയിലെ ഒരു സെന്ററില്‍ നിന്നു മാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ എന്‍ ടി എ സമിതി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നടത്താം എന്ന മാര്‍ഗം നിര്‍ദ്ദേശിച്ചത്. പുനപരീക്ഷ എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴികെയുള്ള മാര്‍ക്ക് ആ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുമെന്നും എന്‍ ടി എ കോടതിയെ അറിയിച്ചു.ഈ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി അംഗീകരിച്ചത്. കൗണ്‍സിലിംഗ് തടയനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എന്‍ടിഎയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
പുനപരീക്ഷയ്ക്കായി വിജ്ഞാപനം ഇന്ന് ഇറക്കും.പരീക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പ്രതികരിച്ചു. ഈ വര്‍ഷത്തെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ ഇടപെടല്‍.