കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികളുടെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗിക സ്ഥിരീകരണം. തീപിടിത്തത്തിനുണ്ടായ കാരണവും പുറത്തുവിട്ടു. സെക്യൂരിറ്റി കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാാരാണ്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.
അതേ സമയം, ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തില്‍ മരിച്ചത്. സഹിക്കാന്‍ കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.