തൃശ്ശൂര്‍: കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലും സുരേഷ്‌ഗോപിക്കൊപ്പം എത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരന്‍. ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത്. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേന്ദ്ര മന്ത്രി എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിര്‍വഹിക്കാനാണ് മുരളീ മന്ദിരത്തില്‍ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേ സമയം, 2019ല്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തില്‍ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ അന്നത് സാധിച്ചില്ല. തന്റെ പാര്‍ട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാര്‍ക്കെങ്കിലുമോ തടയാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.