ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ച് റോഡിലൂടെ യാത്ര ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യ നാരായണന്റെ ലൈസന്‍സും ഒരു വര്‍ഷത്തേക്കും റദ്ദ് ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റു വിഡിയോകളിലും ഗുരുതരമായ നിയമ ലംഘനം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്നും കര്‍ശന നടപടികള്‍ എടുക്കരുതെന്നും സഞ്ജു എംവിഡിയുടെ നോട്ടീസില്‍ വിശദീകരണം നല്‍കിയിരുന്നു. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നു സഞ്ജുവിന്റെ വിശദീകരണം. സംഭവത്തില്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ്. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍.
യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്‌സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ടര്‍പോളിന്‍ കൊണ്ട് സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.