തിരുവനന്തപുരം: അപകീര്‍ത്തിക്കേസില്‍ ശോഭാസുരേന്ദ്രനെതിരെ കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ട് സമാന വിഷയത്തില്‍ ഇപി ജയരാജന്‍ മുമ്പ് നോട്ടീസ് അയച്ചിരുന്നു.
തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് ഇപി ആരോപിക്കുന്നത്. പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും അപവാദം പ്രചരിപ്പിച്ചു. താന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടു വെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു.