Newsperseconds.com

ജി സുധാകരനെ പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച് എച്ച് സലാം എംഎല്‍എ; ആലപ്പുഴ സിപിഎംല്‍ തമ്മിലടി; നേതാക്കന്മാരെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ അണികളുടെ പോസ്റ്റ്

Untitled 1

ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ ക്രിമിനലിസം പരാമര്‍ശത്തിന് മറുപടിയുമായി എച്ച് സലാം എംഎല്‍എ രംഗത്ത്. ജി സുധാകരനെ പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്നാണ് എച്ച് സലാം വിശേഷിപ്പിച്ചത്. എതിരാളിക്ക് ഗുണം ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതും ഒരു രാഷ്ട്രീയത്തില്‍ നിന്ന് അതിനെതിരെ പ്രവര്‍ത്തിക്കുന്നതും പൊളിറ്റിക്കല്‍ ക്രിമിനലിസം ആണെന്ന് എച്ച് സലാം തിരിച്ചടിച്ചു. സുധാകരനെ പരിഗണിച്ചതുപോലെ ഗൗരിയമ്മയെ പോലും പരിഗണിച്ചിട്ടില്ലെന്ന് എച്ച് സലാം പറഞ്ഞു. ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗം അച്ചടക്കം പാലിക്കുകയെന്നത് ഞാനടക്കം എല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. നമ്മള്‍ ഭാഗമാവുന്ന രാഷ്ട്രീയത്തിന് ദോഷകരമായി നില്‍ക്കുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്താല്‍ ഞാനും പൊളിറ്റിക്കല്‍ ക്രിമിനലാകും. അത് ആരും ചെയ്തുകൂടായെന്ന് എച്ച് സലാം എംഎല്‍എ പറഞ്ഞു.

ജി സുധാകരനെ അവഗണിച്ചു എന്ന സുധാകരന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ആലപ്പുഴയില്‍ തിരിച്ചടി നേരിടുന്നത് ഇത് ആദ്യമായല്ല. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അതിനെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണങ്ങളാണ് സുധാകരനില്‍ നിന്നും പലപ്പോഴും ഉണ്ടാവുന്നത്.
ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. നാല് തവണ എംഎല്‍എയായി. ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, നഗരസഭാംഗം, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവെന്നും എച്ച് സലാം പറഞ്ഞു. ജി സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധാരണയില്‍ കവിഞ്ഞ അറിവുള്ളയാളാണ് സുധാകരന്‍. സംസാരിക്കുമ്പോള്‍ പിഴവ് പറ്റുന്നയാളല്ലെന്നും എച്ച് സലാം പറഞ്ഞു.

അതേ സമയം, പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ അടിയെ കുറിച്ച് ഫേസ്ബുക്കില്‍ അണികളുടെ പോസ്റ്റുകളും വന്നു തുടങ്ങിയിട്ടുണ്ട്. അധികാരത്തിന്റെ മത്തിറങ്ങുന്ന ഇടവേളകളിലെങ്കിലും നിങ്ങളെങ്ങനെ നിങ്ങളായെന്ന് ഒന്നോര്‍ക്കണം. പലരുടെയും ചോരയുടെയും വിയര്‍പ്പിന്റെയും തിരുശേഷിപ്പാണ് നിങ്ങള്‍ ഇന്നനുഭവിക്കുന്ന അലങ്കാരങ്ങളും, ആനുകൂല്യങ്ങളും എന്നത് മറന്നുപോകരുതെന്നും ഓര്‍മിപ്പിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. അധികാരം നഷ്ടപ്പെട്ട മുന്‍മന്ത്രിയും, മുന്‍ മന്ത്രിക്കു പഠിക്കുന്ന എംഎല്‍എയും എങ്ങിനെ തോറ്റു എന്നു ചിന്തിക്കാതെ എരിതീയിലെണ്ണ പകരുന്ന കുത്തിത്തിരിപ്പു കവിത എഴുതി പ്രചരിപ്പിക്കുന്ന മുന്‍ എംപിയുമൊക്കെയാണ് രാവും പകലും പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന താഴെത്തട്ടിലുള്ള സഖാക്കള്‍ക്ക് പാര്‍ട്ടി ക്ലാസെടുക്കാന്‍ വരുന്നതെന്നും പോസ്റ്റില്‍ വിമര്‍ശിച്ചു. ഗൗരിയമ്മ പോയിട്ട് ഇവിടം ചലിച്ചിട്ടില്ല എന്നൊക്കെ ബിജിഎം ഇട്ട് തള്ളിവിടുന്ന നേതാക്കന്‍മാരോട് പറയാനുള്ളത് ഗൗരിയമ്മ പോയ കാലമല്ലിതെന്നു മാത്രമാണ്. കടമയും, കടപ്പാടുകളും മനസ്സില്‍ സൂക്ഷിക്കുന്ന ആ പഴയ തലമുറയിലുള്ളവരൊക്കെ ചത്തൊടുങ്ങിപ്പോയി. ഇന്നത്തെ പുതുതലമുറയില്‍ നിന്നും ഇനിയും അങ്ങിനെ ഒരു പരിഗണന നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതു വെറുതേയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

പൊളിറ്റക്കല്‍ ക്രിമിനലുകള്‍ രാഷ്ട്രീയത്തില്‍ കിടന്നു പുളയുകയാണെന്നായിരുന്നു ജി സുധാകരന്റെ വിമര്‍ശനം. അവര്‍ 90 ശതമാനം മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും രാഷ്ട്രീയവും മനസ്സിലാക്കി സംസാരിക്കുന്ന അവസാനത്തെയാളെ ഇല്ലാതാക്കിയാല്‍ പാര്‍ട്ടി ഇല്ലാതാകും. അതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

Share this Article

Leave a Comment