തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആയ ആദിത്യയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെതിരെ പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം. സൈബര്‍ ആക്രമണമല്ല മരണകാരണമെന്ന് പരാതിയില്‍ പറയുന്നു. മരണകാരണം പുറത്തുവരണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആദിത്യയുടെ സുഹൃത്ത് രണ്ടുമാസമായി വീട്ടില്‍ വരുന്നില്ല. മുന്‍പ് സ്ഥിരമായി വരുമായിരുന്നു. സുഹൃത്താണ് മരണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യയില്‍ മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തേ അവസാനിപ്പിച്ചുവെന്നാണ് സുഹൃത്ത് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ആണ്‍സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ അക്രമണമായിരുന്നു പെണ്‍കുട്ടി നേരിട്ടത്.