തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങല്‍ പുറത്ത്. ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിന്റെ പങ്ക് പൊലീസ് വിശദമായി പരിശോധിക്കും. ബിനോയിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പല തവണ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് പീഡിപ്പിച്ചിട്ടുണ്ട്. ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ബിനോയിയെ ഇന്നലെ തന്നെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലയച്ചിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മരണപ്പെട്ട പെണ്‍കുട്ടിയുമായി ബിനോയ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ സൈബര്‍ ടീം വീണ്ടെടുത്തു. വീണ്ടെടുത്ത സന്ദേശങ്ങളില്‍ നിന്ന് ബിനോയി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. സൈബര്‍ ആക്രമണമല്ല മരണകാരണമെന്ന് കുടുംബം പറയുമ്പോഴും, ഇതും മരണകാരണമായേക്കാം എന്ന നിഗമനം പൊലീസ് തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.