മെഡിക്കല്‍ പ്രവേശന പരീക്ഷയായ NEET-UG 2024 ലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിനായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച പറഞ്ഞു. എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ സുബോധ് സിങ്ങിനെ നീക്കം ചെയ്യുകയും പരീക്ഷാ പരിഷ്‌കരണങ്ങള്‍ക്കായി മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി രൂപീകരിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തീരുമാനങ്ങളുടെ തിരക്കിനിടയിലാണ് ഈ നീക്കം.
പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുകയും വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതിനിടെ ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ യു. ജി. പുനഃപരീക്ഷകള്‍ക്ക് മാറ്റമില്ല. 1563 വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച എന്‍ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാര്‍ലമെന്റ് തിങ്കളാഴ്ച തുടങ്ങാനിരിക്കെ പരീക്ഷാ ക്രമക്കേടുകളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
പരീക്ഷാ പ്രക്രിയയുടെ സുതാര്യതയ്ക്കായി സമഗ്രമായ അന്വേഷണത്തിനായി വിഷയം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) കൈമാറാന്‍ അവലോകനത്തിന് ശേഷം തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ക്രമക്കേടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സംഘടനകളും കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.