Newsperseconds.com

മാടവനയില്‍ ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയത് കല്ലട ബസ്സിന്റെ അമിത വേഗതയെന്ന് നിഗമനം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തു

Capture

കൊച്ചി: ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയത് കല്ലട ബസ്സിന്റെ അമിത വേഗതയെന്ന് നിഗമനം. സിഗ്നലില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെയാണ് ബസ് നിയന്ത്രണം വിട്ടത്. എന്നാല്‍ ബസ്സിന്റെ പിന്നിലെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞ നിലയിലായിരുന്നു. അത് കൊണ്ട് തന്നെ പെട്ടെന്ന് ബ്രേക്ക് ഇട്ടതില്‍ ബസിന് നിയന്ത്രണം തെറ്റിയതാവാം എന്നാണ് നിഗമനം. ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനത്തിലെ അപാകത സംബന്ധിച്ചും മോട്ടോര്‍ വാഹനവകുപ്പിന് സംശയങ്ങള്‍ ഉണ്ട്.

അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമാംവിധം വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ അപകടത്തില്‍ മരിച്ച വാഗമണ്‍ കോട്ടമല ഉളുപ്പണി മണിയമ്പ്രായില്‍ ജിജോ സെബാസ്റ്റിയന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാരശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം.

ജിജോ എട്ടുവര്‍ഷമായി എറണാകുളം ജയലക്ഷ്മി സില്‍ക്സിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനാണ്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു സൗമ്യനും ഏവര്‍ക്കും ഉപകാരിയുമായിരുന്ന ജിജോ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യയും കുഞ്ഞും സഹോദരിയുടെ വീട്ടിലായിരുന്നു. ഞായറാഴ്ച അവധിയായതിനാല്‍ അവരെ കൂട്ടാന്‍ പോകുന്ന വഴിയാണ് ബസ് ജിജോയുടെ ജീവന്‍ കവര്‍ന്നത്.

Share this Article

Leave a Comment