ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സ്പീക്കാര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ഓം ബിര്‍ളക്ക് എതിരാളിയായി ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കൊടിക്കുന്നില്‍ സുരേഷ് എംപി മത്സരിക്കും. മൂന്ന് സെറ്റ് നാമനിര്‍ദ്ദേശപത്രികള്‍ കൊടിക്കുന്നില്‍ സമര്‍പ്പിച്ചു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
അതേസമയം, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ളയുടെ പേരാണ് വീണ്ടും എന്‍ഡിഎ നിര്‍ദ്ദേശിച്ചത്. നേരത്തെ മത്സരം ഒഴിവാക്കണമെന്നും ഓം ബിര്‍ളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്നാഥ് സിംഗ് ഇന്‍ഡ്യ സഖ്യനേതാക്കളെ കണ്ടിരുന്നു. ബുധനാഴ്ച 11 മണിക്കാണ് മത്സരം നടക്കുക. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്‌സഭയില്‍ കീഴ് വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം.
സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തില്‍ മഹാരാഷ്ട്ര മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.