പറമ്പില്‍ ബസാര്‍: മലബാറില്‍ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ഗുരുതര പ്രയാസങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് 2021ലെ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാന വാക്കുകള്‍ പാലിക്കാതെ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്. ആരെങ്കിലും എഴുതി കൊടുക്കുന്ന ക്യാപ്‌സൂളുകള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വെറുതെ വായിച്ചു പോയതുകൊണ്ട് കാര്യമില്ലെന്നും യുസി രാമന്‍ പറഞ്ഞു. മലബാറിലേക്ക് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുരുവട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് പ്രകടനപത്രിക ഒന്നുകൂടി വായിക്കണം. അധികാരികള്‍ കളത്തിലിറങ്ങി വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ഫുള്‍ എ പ്ലസ് കിട്ടിയ ആയിരക്കണക്കിന് കുട്ടികള്‍ ഇന്നും സ്‌കൂളിന്റെ പടിക്ക് പുറത്താണ്. മദ്യഷാപ്പ് അനുവദിക്കാന്‍ കാണിക്കുന്ന ആവേശത്തിന്റെ ഒരു ശതമാനം എങ്കിലും മലബാറിലെ കുട്ടികള്‍ക്ക് ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷം കഴിയും തോറും പുറത്തു നിര്‍ത്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. വിജയശതമാനത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യുമ്പോഴും പഠന അവസരങ്ങളുടെ കാര്യത്തില്‍ അനീതി തന്നെയാണ് മലബാറില്‍ നടക്കുന്നത്. അതിനൊരു മാറ്റവും സംഭവിക്കുന്നില്ല. സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആദ്യം പറയുമ്പോഴും പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് സീറ്റ് വിഷയത്തിലെ പ്രകടമായ അസന്തുലിതത്വം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരാറാണ് പതിവ്. വിദ്യാര്‍ത്ഥികള്‍ക്ക് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും സീറ്റ് പ്രതിസന്ധിയുടെ ഗൗരവം സര്‍ക്കാര്‍ മനസ്സിലാക്കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും യുസി രാമന്‍ പറഞ്ഞു.
സമരസംഗമത്തില്‍ ശ്രീജിത്ത് കുരുവട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അക്കിനാരി മുഹമ്മദ്, കെ എം ചന്ദ്രന്‍, മായിന്‍ മാസ്റ്റര്‍, സത്യനാരായണന്‍,ജലീല്‍ ചെറുവറ്റ, കെ സി ചന്ദ്രന്‍, മുഹമ്മദ് മച്ചക്കുളം, നിസാര്‍ പറമ്പില്‍, എ.പി മാധവന്‍, അഡ്വക്കേറ്റ് നൂറുദ്ദീന്‍, റഷീദ് പോല്ലൂര്‍, റിയാസ് പോലൂര്‍, മുഹസ്സിന്‍ ടി തുടങ്ങിയവര്‍ സംസാരിച്ചു.