നിരന്തരം അപകട മരണങ്ങള് നടക്കുന്ന മുതലപ്പൊഴി മേഖല കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദര്‍ശിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. പ്രദേശത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത് എന്ന് ജോര്‍ജ് കുര്യന് വ്യക്തമാക്കി.
തീരദേശവാസികള്‍ പങ്കുവെച്ച ആശങ്കകളില്‍ വേണ്ട ഇടപെടലുകള്‍ ഉണ്ടാകും. മുതലപ്പൊഴി ഹാര്‍ബറിലെ പ്രശ്നങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന വി. മുരളീധരന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ഫിഷറീസ് സഹമന്ത്രിയുടെ സന്ദര്‍ശനവും തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയും.